മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കം 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിനായി രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്നലെ രാത്രി മുതല്‍ ബസ്സുകളില്‍ മക്കയിലെ താമസ സ്ഥലത്തു നിന്ന് ഹാജിമാര്‍ ഒഴുകിത്തുടങ്ങി. പുലര്‍ച്ചയോടെ ഭൂരിഭാഗം ഹാജിമാരും മിനായിലെത്തി. ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. രാത്രിയില്‍ മുഴുവന്‍ ഹാജിമാരും മിനായിലെത്തും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ കടുപ്പമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. അതിലേക്കുള്ള മുന്നൊരുക്കമായിരുന്നു മിനായിലെ രാപ്പകല്‍ സമയം. ഇന്ന് രാത്രി മുതല്‍ അറഫയിലേക്ക് ഹാജിമാര്‍ നീങ്ങും. നാളെ സൂര്യാസ്തമയം വരെ അവിടെ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

