കൊച്ചി: എമ്പുരാന് സിനിമയില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണ. വോളന്ററി മോഡിഫിക്കേഷന് വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.
17ലേറെ മാറ്റങ്ങള്‍ എമ്പുരാനില്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. രംഗങ്ങള്‍ ഒഴിവാക്കും. വില്ലന്റെ പേരിലും മാറ്റം വരുത്തും.
എമ്പുരാന് സിനിമ റിലീസായതിനു പിന്നാലെ നായകന് മോഹന്‍ലാലിനും സംവിധായകന് കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബര്‍ ആക്രമണങ്ങളും ശക്തമായിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. എമ്പുരാന് സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്.
ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു. ചിത്രത്തില്‍ 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു. പ്രതിഷേധങ്ങള്‍ കനക്കുന്ന സാഹചര്യത്തിലാണ് സിനിമയില്‍ മാറ്റം വരുത്താന്‍ ധാരണയായത്.

