വിഷുദിനത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍. വിഷുദിനത്തില്‍ തെരുവില്‍ കഴിയുന്നവരുടെ വിശപ്പടക്കണമെന്ന ലക്ഷ്യവുമായാണ് ഇദ്ദേഹം രാവിലെ തന്നെ ഭക്ഷണപ്പൊതികളുമായി തന്റെ ആക്ടീവ സ്കൂട്ടറില്‍ പുറപ്പെട്ടത്. വഴിയില്‍ ആരെയെങ്കിലും കണ്ടാലെ ആരെങ്കിലും ഫോണില്‍ വിളിച്ചാലോ ഇദ്ദേഹം ഭക്ഷണമെത്തിക്കും. ഇദ്ദേഹം കാരന്തൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു കുന്ദമംഗലത്ത് സ്റ്റാന്റില്‍ ഇത്തരത്തില്‍ ഒറ്റക്ക് കഴിയുന്നയാളെ ശ്രദ്ദയില്പ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇദ്ദേഹത്തിന് ഭക്ഷണമെത്തിച്ചു. കുന്ദമംഗലത്തെ പോര്‍ട്ടറായ ബൈജു വെള്ളവും നല്കി.
ലോക്ഡൗണ്‍ കാലത്ത് നിരവധി പേരാണ് ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗകര്യം ചെയ്യുന്നത്. പലരും ഭക്ഷണവും മരുന്നും പലര്‍ക്കും എത്തിച്ചുനല്‍കുന്നു. നീതി കെയറിലെ വളണ്ടിയര്‍മാര്‍ പലര്‍ക്കും മരുന്നുകള്‍ നല്‍കുന്നുണ്ട്, ട്രോമ കെയര്‍ വളണ്ടിയര്്മാര് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിഷുദിനത്തില്‍ വെയിലില്‍ ജോലിചെയ്യുന്ന പോലീസുകാര്‍ക്കും മറ്റും ഇവര്‍ മില്‍മയുടെ ലെസ്സി എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ ജനമൈത്രി പോലീസും മറ്റും നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. യുവാക്കളാണ് ഇത്തരം പ്രവൃത്തിക്ക് മുന്നിട്ടിറങ്ങുന്നത് എന്നതാണ് ശ്രദ്ദേയം. പരസ്യപ്പെടുത്താതെ സഹായങ്ങള്‍ ചെയ്യുന്ന പലരുമുണ്ട്. നാട് ഒരു പ്രതിസന്ധിയിലായപ്പോള്‍ ജാതിയും മതവും മറന്ന് മനുഷ്യന് എന്ന ഒറ്റ ചിന്തയില്‍ സ്നേഹം എന്ന വികാരത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു മഹാമാരിയെ നാം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഇവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്.

