Local

രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരാന്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന

ആശുപത്രികളിലെ രക്തബാങ്കുകളില്‍ രക്തം കുറവായ സാഹചര്യത്തില്‍ രക്തദാനത്തിന് സ്വയംസന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ഥിച്ചു. കോവിഡ് 19 വ്യാപനത്തിനു ശേഷം രക്തദാനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതും സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ നിര്‍ത്തിവെച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.

അര്‍ബുദ രോഗികള്‍, സിസേറിയന്‍, അപകടക്കേസുകള്‍ എന്നിങ്ങനെ ആശുപത്രികളില്‍ ഓരോ ദിവസവും ഏറെ രക്തം ആവശ്യമാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്.
സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് രക്തദാനത്തിന് ജനം സന്നദ്ധരാകണം എന്ന അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയത്.

ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി, മാതൃശിശു സംരക്ഷണ ആശുപത്രി എന്നിവിടങ്ങളിലാണ് രക്തം നല്‍കാനുള്ള സൗകര്യമുള്ളത്.
രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കോവിഡ് ജാഗ്രത ആപ്ലിക്കേഷന്‍ മുഖേന വാഹന പാസ് ലഭ്യമാകുമെന്നും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ആശുപത്രിയിലെത്തുമ്പോള്‍ കൊറോണ പകരുമോയെന്ന ഭീതിയിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡിലാണ് കൊറോണ രോഗികളുള്ളത്. അതിനാല്‍ ആശുപത്രിയിലും ബ്ലഡ് ബാങ്കിലും പോയി രക്തം നല്‍കാന്‍ മടി കാണിക്കേണ്ടതില്ല. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകും.

രക്തം നല്‍കുന്നവരില്‍നിന്ന് യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നുണ്ട്. ഹോം ഐസോലേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളവര്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍, ജലദോഷം- പനി തുടങ്ങിയവ ഉള്ളവര്‍ തുടങ്ങിയവരുടെ രക്തം സ്വീകരിക്കില്ല.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവേ ആശുപത്രിയിലെത്താന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് 24 ന്യൂസ് ലെ മാധ്യമ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി രക്തദാനം നടത്തിയതിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.

ലോക്ഡൗണ്‍ കാലത്തെ എന്റെ അനുഭവങ്ങള്‍;
ലഘു വീഡിയോഗ്രഫി മത്സരം

ലോക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകതയാല്‍ ക്രിയാത്മകമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തുന്ന ലഘു വീഡിയോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ അയയ്ക്കാം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ (https://www.facebook.com/CollectorKKD/) ദിവസേന പ്രസിദ്ധീകരിക്കുന്ന ആക്ടിവിറ്റിയില്‍ പങ്കെടുത്ത് അതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്ത് പേരും വയസ്സും അടക്കം കൃത്യ സമയത്തിനു തന്നെ പോസ്റ്റ് ചെയ്യുക. വിദഗ്ധരടങ്ങുന്ന പാനല്‍ തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീട്ടിലെത്തും.

ഇന്നത്തെ ആക്ടിവിറ്റി ‘ലോക്ഡൗണ്‍ കാലത്തെ എന്റെ അനുഭവങ്ങള്‍’ ലഘു വീഡിയോഗ്രഫി മത്സരമാണ്. ലോക്ഡൗണ്‍ കാലത്തെ നിങ്ങളുടെ അനുഭവങ്ങള്‍ ഒരു ലഘു വീഡിയോയായി (പരമാവധി ദൈര്‍ഘ്യം 45 സെക്കന്‍്) പങ്കുവെക്കാം. ഒരാള്‍ക്ക് പരമാവധി ഒരു വീഡിയോ മാത്രം അയക്കാവുന്നതാണ്. വീഡിയോ ഏപ്രില്‍ 12 നു ഉച്ചയ്ക്ക് രണ്ടിനകം പോസ്റ്റ് ചെയ്യണം. കലക്ടറുടെ ഫേസ്ബുക്കിലെ പോസ്റ്റിനു കീഴില്‍ കമന്റ് ആയാണ് വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്.

നിബന്ധനകള്‍: ടൈറ്റില്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ പരമാവധി ദൈര്‍ഘ്യം 45 സെക്കന്റ് ആയിരിക്കണം. കഥാപാത്രങ്ങള്‍ സാമൂഹ്യ അകലം പാലിച്ചു വേണം അഭിനയിക്കാന്‍. തെറ്റിദ്ധാരണ പരത്തുന്ന പ്രയോഗങ്ങളോ അശാസ്ത്രീയതയോ അശ്ലീലതയോ ഉള്ളടക്കത്തിലോ ഭാഷയിലോ പാടില്ല. സ്പാം വീഡിയോയും ഒഴിവാക്കണം.
മൗലികമായ ആശയങ്ങളാവണം. ഒരുതരത്തിലുമുള്ള പകര്‍പ്പവകാശ ലംഘനവും പാടില്ല. അന്തിമ തീരുമാനം ജഡ്ജിങ് കമ്മറ്റിയുടേത് ആയിരിക്കും. സ്വന്തമായി പകര്‍ത്തുന്ന വീഡിയോ മാത്രമേ അനുവദിക്കൂ. ഷെയര്‍ ചെയ്യാതെ സോഴ്‌സുകളില്‍ നിന്ന് നേരിട്ട് പോസ്റ്റ് ചെയ്യുക.
പോസ്റ്റ് ചെയ്യുന്ന വീഡിയോ എടുത്ത സമയം, പേര്, വയസ്സ് എന്നിവ വിഡിയോയെക്കാപ്പം കൃത്യമായി രേഖപ്പെടുത്തണം.

വിദഗ്ദ്ധര്‍ തെരഞ്ഞെടുക്കുന്ന മൂന്നെണ്ണത്തിനും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഒരു വീഡിയോയ്ക്കും സമ്മാനങ്ങള്‍ ഉണ്ടാവും. മെസ്സേജ് ആയി അയയ്ക്കുന്നതോ ടാഗ് ചെയ്യുന്നതോ ആയ വീഡിയോകള്‍ പരിഗണിക്കില്ല.

ലോക്ഡൗണ്‍; വാഹനങ്ങളുടെ
ഗതാഗത പെര്‍മിറ്റ് പുതുക്കണം

കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യവസ്തുക്കളുടെ വിതരണത്തിനായി ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ നിന്നും അനുവദിച്ച വാഹനങ്ങളുടെ പെര്‍മിറ്റ് അനുവദിച്ച ദിവസം മുതല്‍ ഒരാഴ്ച കഴിഞ്ഞ് പുതുക്കേണ്ടതാണെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസര്‍ കൂടിയായ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പെര്‍മിറ്റ് പുതുക്കുന്നതിന് വാഹനത്തിന്റെ െ്രെഡവര്‍, സഹായി എന്നിവര്‍ അവരവരുടെ തിരിച്ചറിയല്‍ രേഖ, പെര്‍മിറ്റ് എന്നിവ സഹിതം പെര്‍മിറ്റ് അനുവദിച്ചു തന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂം മേധാവി മുമ്പാകെ ഹാജരാകേണ്ടതാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്
ഹാന്‍ഡ് സാനിറ്റൈസര്‍

ജില്ലയില്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ടെങ്കില്‍ വകുപ്പ് മേലധികാരിയുടെ അപേക്ഷ സഹിതം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.സി.എല്‍) ന്റെ ജില്ലാ മരുന്ന് സംഭരണ ശാലയില്‍ നിന്ന് ലഭ്യമാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. വിലാസം: കരുവണ്ണൂര്‍ പി.ഒ, നടുവണ്ണൂര്‍, കോഴിക്കോട് 673614, ഫോണ്‍: 496-2653930, 9496006400, ഇ-മെയില്‍- ddwhkkd@gmail.com.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!