ഗസ്സ: വടക്കന്‍ ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും ഇസ്രായേല്‍ വധിച്ചു. പ്രായത്തിന്റെ അവശതകളെയും ഇസ്രായേലിന്റെ വെടിയുണ്ടകളെയും അവഗണിച്ച് ഗസ്സയിലെ മനുഷ്യരെ ചികിത്സിക്കുന്ന ഡോ. സഈദ് ജോദയെ ആണ് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനായി കമാല്‍ അദ്വാന് ആശുപത്രിയില്‍നിന്ന് വടക്കന്‍ ഗസ്സയിലെ അല്‍-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഡോ. ജോദ കൊല്ലപ്പെട്ടത്.
രണ്ട് മാസത്തിലേറെയായി ഇസ്രായേല്‍ ഉപരോധം തുടരുന്ന ഗസ്സയിലെ അവസാന ഓര്‍ത്തോപീഡിക് സര്‍ജനാണ് സഈദ് ജോദ. വടക്കന്‍ ഗസ്സയിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിക്കാനോ അവിടെയുള്ളവരെ പുറത്തുകടക്കാനോ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ല. ദിവസവും നിരവധിയാളുകളാണ് ഇവിടെ കൊല്ലപ്പെടുന്നത്. മേഖലയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൂട്ടത്തോടെ കൊന്നൊടുക്കാനാണ് ഇസ്രായേല്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

