തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ രഹസ്യമാക്കി സൂക്ഷിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനം മാറ്റി വിവരാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ ഇന്ന് ഉത്തരവുണ്ടാകില്ല. രഹസ്യവിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ തീര്‍പ്പുകല്‍പിച്ച ശേഷം മാത്രമേ ഉത്തരവുണ്ടാകൂവെന്നാണു പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെ കമ്മിഷന്‍ അറിയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആദ്യം നല്‍കാമെന്നു പറഞ്ഞതില്‍ 11 ഖണ്ഡികകള്‍ മുന്നറിയിപ്പില്ലാതെ തടര്‍ഞ്ഞുവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ കമ്മിഷനെ സമീപിച്ചത്. എന്നാല്‍, ഈ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് സാംസ്‌കാരിക വകുപ്പ് കമ്മിഷനെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തടഞ്ഞുവച്ചതില്‍ ഉദ്യോഗസ്ഥര്‍ ക്ഷമ ചോദിച്ചെങ്കിലും അംഗീകരിക്കാന്‍ കമ്മിഷന്‍ തയാറായിട്ടില്ല.
രഹസ്യമാക്കി സൂക്ഷിച്ച 101 ഖണ്ഡികകളില്‍ ചിലത് പുറത്തുവിടാന്‍ കഴിയുന്നതാണെന്ന് അപേക്ഷര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും എത്തിച്ച് ഇക്കാര്യം പരിശോധിച്ചു. ഇതിലാണ് കമ്മീഷന്‍ ഇന്നു തീരുമാനം പറയാനിരുന്നത്.

