ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആകുന്നതു വരെ ഐസൊലേഷനില്‍ വെയ്ക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 99 പേര് എറണാകുളം ജില്ലക്കാരാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ 17 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളത്.

