ഹേമ കമ്മറ്റി റിപ്പോർട്ടില്‍ ഗവൺമെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകും. സ്വമേധയ കേസ് എടുക്കാൻ നിയമമുണ്ട്. നിയമ നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ല. പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരത്തെ ഉണ്ടായിരുന്നു അതിന്റെ സമയത്ത് പുറത്ത് വിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കാന്‍ ആധാരമാക്കിയ തെളിവുകള്‍ വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്. റിപ്പോര്ട്ടിന്മേല് ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്ത്തകന് പായിച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.