തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് സര്‍ക്കാര്‍. നിയമസഭയിലാണ് ഒന്നാം തിയതി ബാര്‍ തുറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാന്‍ ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യവും പരിഗണിക്കപ്പെട്ടിരുന്നതാണ്. ഒന്നാം തീയതി മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മദ്യനയത്തിന്റെ കരട് ഇപ്പോഴും ചര്‍ച്ചയിലാണ്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നല്‍കും.
അതേസമയം വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുളള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തീരപ്രദേശത്ത് കാസിനോകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടപ്പോള്‍ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാള്‍ കുറവ് മദ്യമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

