ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസിലെ മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയതാണ് ഈ പണം വരുന്ന വഴിയെന്നും ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകള്‍ പുറത്തുവിട്ട് എ.എ.പി നേതാക്കള്‍ ആരോപിച്ചു. അരവിന്ദ് കെജ്രിവാളിനും ആം ആദ്മിക്കും അഴിമതിയില്‍ യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ വാര്‍ത്താസമ്മേളനം. മദ്യനയത്തിന്റെ ഭാഗമായി ആര്, എവിടെയെല്ലാം പണം കൊടുത്തുവെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസില്‍ ശരത് റെഡ്ഡിയെ ആദ്യം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. പിന്നീട് കേസില്‍ പ്രതിയാക്കി. ഇപ്പോള്‍ മാപ്പുസാക്ഷിയുമാക്കിയിരിക്കുകയാണ്. കുറച്ചു ദിവസം ജയിലില്‍ കിടന്നപ്പോള്‍ ശരത് റെഡ്ഡി നിലപാട് മാറ്റിയിരിക്കുകയാണ്. റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി കെജ്രിവാളിനെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

