കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്. മാവൂരില്‍ നിന്ന് ആരംഭിച്ച് എന്‍.എച്ച് 766 മായി ബന്ധിപ്പിക്കുന്ന ഈ റോഡ് 10 മീറ്റര്‍ വീതിയില്‍ അത്യാധുനിക രീതിയില്‍ പരിഷ്കരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
നിലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡുമായും 45.22 കോടി ചെലവില്‍ പ്രവൃത്തി നടത്തുന്നതിന് അനുമതി ലഭിച്ച ആര്‍.ഇ.സി മലയമ്മ കൂടത്തായി റോഡുമായും ബന്ധിപ്പിക്കുന്ന ഈ റോഡ് അടിസ്ഥാന വികസന രംഗത്ത് കുന്ദമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
മലയോര മേഖലയിലുള്ളവര്‍ക്ക് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുകൂടി സൗകര്യപ്രദമായ ഈ റോഡിന്റെ പ്രവൃത്തി സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.