പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പഞ്ചാബും. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ കേരളം ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യത്തില്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ക്ക് തുടങ്ങിയത്.

