കൊല്ലം: പണം ഇല്ലാത്തത് കൊണ്ട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ തലേദിവസംവരെയും മത്സരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു തഴവാ മണപ്പള്ളി സ്വദേശിയായ അഭിഷേക് പ്രസന്നന്.
ചാക്യാര്‍കൂത്തിലാണ് മത്സരിക്കേണ്ടത്. വേഷങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന തുക കണ്ടെത്താനായില്ല. കരുനാഗപ്പള്ളി ജോണ്‍ എഫ്.കെന്നഡി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സ്കൂള്‍ കുറച്ചു സഹായിക്കും. ബാക്കി തുകകൂടി കണ്ടെത്താനായാല്‍ മത്സരത്തില്‍ പങ്കെടുക്കാനാകും. സാമ്പത്തികമായി ഏറെ പിന്നില്‍ നില്ക്കുന്ന കുടുംബമാണ് അഭിഷേകിന്റേത്.
ഒടുവില്‍ മത്സരത്തിന് ഒരുദിവസം മുമ്പ് സി.ആര്.മഹേഷ് എം.എല്‍.എ.യെ വിവരം അറിയിച്ചു. വിദ്യാര്‍ഥിയുടെ കലയോടുള്ള താത്പര്യം മനസ്സിലാക്കിയ അദ്ദേഹം വേണ്ടിവരുന്ന തുക നല്‍കാമെന്ന് അറിയിച്ചു. തൊട്ടടുത്ത ദിവസം സഹായം എത്തിക്കുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത അഭിഷേക് പ്രസന്നന് എ ഗ്രേഡ് ലഭിച്ചു.

