തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുറ്റപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി സതീശന് എന്നാല്‍ ‘വെറും ഡയലോഗ്’ സതീശന് എന്നാണ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും റിയാസ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ മ്യൂസിക് ഇട്ട് നല്കാന് മാത്രം പറ്റും. നവ കേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസില്‍ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറുമെന്നും മന്ത്രി പറഞ്ഞു.
”രണ്ടരക്കൊല്ലം കാലം പ്രതിപക്ഷ നേതാവ് എന്തൊക്കെ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തെറിവിളിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ സാധാരണ കൊടിയുമായിട്ടാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പൊലീസ് വാഹനം അക്രമിക്കുന്നു. സമരത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ക്രിമിനല്‍ അംഗങ്ങളെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കുന്നു. അവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക കാറില്‍ കൊണ്ടുപോകുന്നു. ഇതൊക്കെയാണ് കാണുന്നത്. എല്ലാ മര്യാദയും ലംഘിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്”- റിയാസ് പറഞ്ഞു.

