ന്യൂഡല്‍ഹി: ലോക്സഭയില്‍ സുരക്ഷവീഴ്ച. സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പേര് ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍വാതക ഷെല്ലുകളുമായാണ് രണ്ടു പേര് നടുത്തളത്തിലേക്ക് ചാടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയത്. ഇവര്‍ എറിഞ്ഞ ഷെല്ലില്‍ നിന്ന് വന്ന പുക ലോക്സഭയില്‍ നിറഞ്ഞു.
ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്സഭയില്‍ നിന്നും മാറ്റി. പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്സഭയില്‍ രണ്ടു പേര് ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്മോക് ഷെല്‍ എറിയുകയുമായിരുന്നു. പിന്നാലെ ലോക്സഭയില്‍ മഞ്ഞനിറത്തിലുള്ള പുക നിറഞ്ഞെന്നും വല്ലാത്ത ഗന്ധം ഉണ്ടായെന്നും എന്‍കെ പ്രേമചന്ദ്രന് എംപി പറയുന്നു.
ഖലിസ്താന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു ഒരാഴ്ച മുന്‍പ് പാര്‍ലമെന്റാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശമയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്.

