തൃശ്ശൂര്‍: ദേശീയപാതാ നിര്‍മ്മാണത്തിനിടെ തൃശ്ശൂരില്‍ കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ല്‍ നിര്‍ദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികള്‍ക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. എന്നാല്‍ അപ്പോഴേക്കും ടാറിംഗ് മെഷീന് പൂര്‍ണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.