താമരശ്ശേരി; ഇന്നലെ താമരശ്ശേരി മണല്‍വയല്‍ എല്‍പി സ്‌കൂളില്‍ നിന്ന് കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഹോസ്പിറ്റലിലെത്തിക്കുന്നതില്‍ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. നാലര വയസ്സ് പ്രായമായ തന്‍വീനുല്‍ അസ്ലം എന്ന കുട്ടിക്കാണ് ഉച്ചയോടെ സ്‌കൂളില്‍വെച്ച് കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റത്.

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കാനോ ഹോസ്പിറ്റലിലെത്തിക്കാനോ ശ്രമിച്ചില്ല. പിന്നീട് വൈകീട്ട് കുട്ടിയുടെ മാതാവ് കാര്യം അറിഞ്ഞ ശേഷമാണ് കുട്ടിയെ 6.30 ഓടെ ഹോസ്പിറ്റലിലെത്തിച്ചത്. കൃഷ്ണമണിക്ക് പരിക്കേറ്റതിനാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ കുട്ടി കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത്രയും ഗൗരവമായ വിഷയത്തില്‍ അലംഭാവം കാണിച്ച അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

