ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് സമ്മാനമായി കിട്ടിയത് എട്ടര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ). ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവട്ടന്റവിട (36)യെത്തേടിയാണ് ഭാഗ്യമെത്തിയത്. സഹോദരനും 9 സുഹൃത്തുക്കൾക്കുമൊപ്പം ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്.
കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ഇവർ സംഘം ചേർന്ന് ടിക്കറ്റെടുക്കാറുണ്ട്. ഓരോ തവണയും ഓരോരുത്തരുടെ പേരിലാണ് ഭാഗ്യപരീക്ഷണം . റസ്റ്റോറൻ്റ്–സൂപ്പർമാർക്കറ്റുകളുടെ പിആർഒ ആയി ജോലി ചെയ്യുന്ന ഷംസുദ്ദീൻ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 216–ാമത്തെ ഇന്ത്യക്കാരനാണെന്ന് അധികൃതർ അറിയിച്ചു.
ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവർ ബിഎംഡബ്ല്യു എക്സ്5 എം50 ഐ കാറും ദുബായിൽ താമസിക്കുന്ന തങ്കച്ചൻ യോഹന്നാൻ (60) ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസ് മോട്ടോർ ബൈക്കും സമ്മാനമായി നേടിയിട്ടുണ്ട്.

