ഹരിത കേരളം മിഷന് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ – നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ‘ എന്ന പേരില്‍ നീര്‍ച്ചാലുകളുടെ ശുചീകരണത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിന് ഡിസംബര്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നടക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരള മിഷന് യോഗത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന നീര്‍ച്ചാലും അതിന്റെ ഉപനീര്ച്ചാലുകളും ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹരിതകേരളം മിഷന് മുന്നോട്ട് വയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം. സംസ്ഥാനത്ത് നീര്ച്ചാല് ശൃംഖലകളുടെ ബാഹുല്യം മാലിന്യം വളരെ വേഗത്തില്‍ ഒഴുകി പുഴകളിലെത്തുന്നതിനും പുഴയും ഒപ്പം ഭൂജലവവും മലിനമാകുന്നതിനും കാരണമാകുന്നു. പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന് കൈവഴികള്‍ ശുചിയാക്കേണ്ടതുണ്ട്. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാനപ്പെട്ട തോടോ നീര്‍ച്ചാലോ തെരഞ്ഞെടുത്ത് ജനകീയമായി ശുചികരിക്കുന്നതിനാണ് ഈ ക്യാമ്പയിനില്‍ ലക്ഷ്യം വെയ്ക്കുന്നത്.
ജില്ലാതലത്തില്‍ തദ്ദേശ സ്വയംഭരണ മേധാവികളുടെയും ജല സംരക്ഷണ ജില്ലാ സങ്കേതിക സമിതിയുടെയും യോഗം ചേര്‍ന്ന് ബ്ലോക്ക്തലത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംഘാടക സമിതി രൂപികരിച്ചു. ജില്ലയില്‍ ഇതുവരെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 240 കിലോമീറ്റര്‍ നീളമുള്ള 80 തോടുകള്‍ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. അതാത് പ്രദേശത്തെ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രദേശിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കോളേജ്, സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടത്തുന്നത്.
നീര്‍ച്ചാലുകള്‍ വീണ്ടും മലിനപ്പെടാതിരിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിനായി ബോധവല്‍ക്കരണം, തുടര്‍ പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തടാധിഷ്ടിത ഇടപെടലുകളിലൂടെ കൈവഴികളുടേയും വൃഷ്ടിപ്രദേശത്തിന്റെയും സംരക്ഷണം എന്നിവയും ഉറപ്പാക്കും. നീര്‍ച്ചാലുകളിലെ വേനല്‍ക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി വൃഷ്ടിപ്രദേശത്തെ കുളങ്ങളില്‍ പരമാവധി ജലസംഭരണം സാധ്യമാക്കുക. ജലസേചന കനാലുകള്‍, ക്വാറികള്‍ എന്നിവയില്‍ റീചാര്‍ജിങ് ഉറപ്പാക്കുക എന്നിവ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സംഘടിപ്പിക്കാനും ല്ക്ഷ്യമിടുന്നു.

