പോക്സോ കേസ് പ്രതിയായ യുവാവ് വിദ്യാർത്ഥികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം മേലെ കേച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ സ്വകാര്യ റിസോർട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കൊപ്പമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ മുർഷിദ് മുഹമ്മദ് സ്കൂൾ വിദ്യാർത്ഥികളെ പ്രണയം നടിച്ച് വയനാട്ടിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടികൾ സ്കൂളിലേക്കും ട്യൂഷൻ സെന്ററിലേക്കും പോകുന്ന സമയത്ത് കോഴിക്കോട്ട് നിന്ന് സ്വന്തം കാറിൽ കയറ്റിയാണ് ഇയാൾ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ചിരുന്നത്. ക്ലാസ് കഴിയുന്ന സമയമാവുമ്പോളേക്കും വിദ്യാർത്ഥികളെ തിരികെ കോഴിക്കോട്ട് എത്തിക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെയാണ് മുർഷിദ് മുഹമ്മദ് പ്രണയം നടിച്ച് വലയിലാക്കിയിരുന്നത് എന്നും പോലീസ് പറഞ്ഞു. മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കൽപ്പറ്റ പോലീസ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കൽപ്പറ്റയിലെ റിസോർട്ടിൽ ഉണ്ടെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ പന്തീരാങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും ഇയാൾ പ്രതിയാണ്.
ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ റിസോർട്ടിൽ എത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണം എന്നും പ്രായപൂർത്തിയാകാത്തവർ എത്തിയാൽ പോലീസിൽ വിവരം അറിയിക്കണം എന്നും കാണിച്ച് റിസോർട്ടുകൾക്ക് നോട്ടീസ് നൽകാനാണ് പോലീസിന്റെ നീക്കം.