നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ബി ജെ പി ശ്രമിക്കുന്നെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് .തെരെഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് നൂഹിൽ നടത്തിയതിന് സമാനമായ വര്‍ഗീയ കലാപത്തിന് ബിജെപി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ് ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ഭോപ്പാലില്‍ നടന്ന അഭിഭാഷക പരിപാടിയില്‍ സംസാരിക്കവെയാണ് ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം.
‘ഈ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തോട് കാണിക്കുന്ന തരത്തിലുള്ള അനീതിയും അടിച്ചമര്‍ത്തലും എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അവര്‍ ഇവിടെ ഒരു പദ്ധതിയിട്ടിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപം നടത്തിയതുപോലെ ഇവിടേയും കലാപം നടത്താനാണ് പദ്ധതി. മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിനോട് ശക്തമായ അമര്‍ഷമുണ്ടെന്ന് മനസിലാക്കിയാണ് അവരുടെ ഈ നീക്കം. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സര്‍ക്കാര്‍ രൂപീകരിക്കും’, ദിഗ്‌വിജയ് സിങ് പറഞ്ഞു.
അതേ സമയം, സ്വന്തം പാര്‍ട്ടിയില്‍ പോലും യാതൊരു വിശ്വാസ്യതയുമില്ലാത്ത ആളാണ് ദ്വിഗ്‌വിജയ് സിങ്ങ് എന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി ശര്‍മ വിമര്‍ശിച്ചു. 2003-ല്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ ദയനീയമായ അവസ്ഥയിലാണ് ദിഗ്‌വിജയ് സിങ് മധ്യപ്രദേശിനെ കൊണ്ടുചെന്നെത്തിച്ചത്. പിന്നീട് സംസ്ഥാനത്ത് വികസനം കൊണ്ടുവന്നത് ബിജെപിയാണെന്നും ശര്‍മ പ്രതികരിച്ചു.
വിവാദ പരാമര്‍ശത്തില്‍ ദിഗ്‌വിജയ് സിങ് മാപ്പുപറയണമെന്ന് സംസ്ഥാന ഉന്നത വിദ്യഭ്യാസമന്ത്രി മോഹന്‍ യാദവ് ആവശ്യപ്പെട്ടു. ബിജെപി കലാപത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്താണ് എല്ലാ കലാപങ്ങളും നടന്നതെന്നും ബിജെപി അധികാരത്തിലെത്തിയ ശേഷം ഇവിടെ വര്‍ഗീയ സംഘര്‍ങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

