ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും, മാധ്യമങ്ങളെ കണ്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്.സംഭവത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ പൂർണമായ സുരക്ഷാ ചുമതല അകമ്പടി പോയ പൊലീസുകാർക്കാണ്. എന്നാൽ ഗ്രോ വാസുവിന്റെ കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.14 ദിവസം റിമാന്‍റിലായിരുന്ന വാസുവിനെ വെള്ളിയാഴ്ചയാണ് വീണ്ടും കുന്ദമംഗലം കോടതിയില്‍ എത്തിച്ചത്. പിഴയടച്ച് കേസ് അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി വാസുവിന്‍റെ റിമാന്‍റ് നീട്ടി. ഇതിനു പിന്നാലെയാണ് സഹപ്രവര്‍ത്തകരുടെ കൈ പിടിച്ച് കോടതി മുറ്റത്തേക്ക് വന്ന വാസു മാധ്യമങ്ങളോട് തന്‍റെ നിലപാട് വിശദീകരിച്ചത്. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൊലീസ് അപകടം മണത്തു. തുടര്‍ന്ന് വാസുവിനെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും പറയാനുള്ളതത്രയും പറഞ്ഞാണ് വാസു പൊലീസ് ജീപ്പിനടുത്തേക്ക് പോയത്.
ഗ്രോവാസുവിനെ കോടതിയിലെത്തിച്ചപ്പോള്‍ സുരക്ഷാ വീഴ്ച;സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

