information

അറിയിപ്പുകൾ

മെഡിക്കൽ പിജി: ഭിന്നശേഷി വിഭാഗക്കാർക്കുള്ള ശാരീരിക പരിശോധന

സംസ്ഥാനത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായുള്ള മെഡിക്കൽ ബോർഡ് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. അത്തരം വിദ്യാർഥികൾ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം.

മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പി.ജി കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

പി എസ് സി അറിയിപ്പ്

ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ തസ്തികയുടെ (കാറ്റഗറി ന. 283/18) 30/06/2020 തിയ്യതിയിൽ നിലവിൽ വന്ന 204/20/ഡി ഒ ഡി – നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 29/06/2023 നു അർധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 30/06/2023 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ പേരാമ്പ്ര ഐ സി ഡി എസ് പ്രോജക്ടിൽ വാഹനം വാടകയ്ക്ക് എടുക്കാൻ ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക : 240000 രൂപ. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണി. ടെണ്ടറുകൾ അന്നേ ദിവസം രാവിലെ 11.30ന് തുറക്കുന്നതാണ്. വിശദ വിവരങ്ങൾ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോമ്പിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ : 0496 2612477

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ്‌ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്‌ 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട്‌ മാനേജ്മെന്റിന്‌ (ഡി എ എം) പ്രോഗ്രാമിലേക്ക്‌ പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ്‌ സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്‌. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്‌. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: ആഗസ്റ്റ്‌ 10. കൂടുതൽ വിവരങ്ങൾക്ക് : 0471-2570471, 9846033009. www.srccc.in
[
മുലയൂട്ടൽ വാരാചരണത്തിന് തുടക്കം

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജാറാം കിഴക്കേക്കണ്ടി നിർവഹിച്ചു. ഐ എ പി സെക്രട്ടറി ഡോ. കൃഷ്ണ മോഹൻ ആർ അധ്യക്ഷത വഹിച്ചു.

ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ എ പി, എൻ എൻ എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെയാണ് ‘ലോക മുലയൂട്ടൽ വാര’മായി ആചരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തവർക്ക് മെഡിക്കൽ കോളേജിലെ മുലപ്പാൽ ബാങ്ക് സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും അവസരം ലഭിച്ചു. ആഗസ്റ്റ് ഏഴിന് സിവിൽ സ്റ്റേഷനിലെ സ്ത്രീ ജീവനക്കാർക്കായി മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കും.

ഐ എം സി എച്ച് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ ദിനാചാരണ സന്ദേശം നൽകി. എൻ എൻ എഫ് പ്രസിഡന്റ് ഡോ. ടി പി ജയരാമൻ വിശിഷ്ടാതിഥിയായി. ജില്ലയിലെ ഗവൺമെന്റ്, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് നിയോനാറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദീപ വിശദീകരിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, എം സി എച്ച് ഓഫീസർ പുഷ്പ എം പി, ജില്ലാ നഴ്‌സിംഗ് ഓഫീസർ പ്രീതി പി പി, ആരോഗ്യകേരളം കൺസൾട്ടന്റ് (ഡി ആന്റ് സി) ദിവ്യ സി എന്നിവർ സംസാരിച്ചു. ഐ എ പി പ്രസിഡന്റ് ഡോ. അജിത് കുമാർ വി.ടി സ്വാഗതവും ഐ എ പി സെക്രട്ടറി ഡോ. വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.

മുലപ്പാല്‍ ബാങ്കിലൂടെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞ് നാലായിരത്തിലധികം കുഞ്ഞുങ്ങള്‍

കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കിലൂടെ ഇതുവരെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങള്‍. ജനിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാല്‍ എത്തിക്കുക, അത് വഴി ശിശുമരണങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്.

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമ്മയുടെ രോഗാവസ്ഥ കാരണമോ, മുലപ്പാല്‍ ഉല്പാദനക്കുറവുകൊണ്ടോ, പ്രസവാനന്തരം അമ്മയുടെ മരണം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കാനാണ് മുലപ്പാല്‍ ബാങ്ക് സജ്ജമാക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ചത്.

നാഷണല്‍ ഹെല്‍ത്ത്മിഷന്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് 2021 സെപ്തംബര്‍ 17നാണ് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ മുലപ്പാല്‍ ബാങ്ക് (കോമ്പ്രേഹെന്‍സീവ് ലാക്ടെഷന്‍ മാനേജ്‌മെന്റ് സെന്റര്‍)പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാം വാര്‍ഷികത്തോടടുക്കുമ്പോള്‍ 3484 ദാതാക്കളില്‍ നിന്നും 317925 മില്ലി ലിറ്റര്‍ പാല്‍ ശേഖരിക്കുകയും 294370 മില്ലി ലിറ്റര്‍ പാല്‍ 4393 കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം വിതരണം ചെയ്യുകയും ചെയ്തു. ഇതില്‍ കേരളത്തില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞും ഉള്‍പ്പെടുന്നു. മുലപ്പാല്‍ ദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി ദിനം പ്രതി അമ്മമാര്‍ മുന്നോട്ടു വരുന്നതിനാലാണ് പദ്ധതി വിജയകരമായി മുന്നോട്ടുപോകാന്‍ സാധിക്കുന്നതെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി.കെ പറഞ്ഞു.

സ്വമേധയാ മുലപ്പാല്‍ ദാനം ചെയ്യാന്‍ എത്തുന്ന അമ്മമാര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തി പ്രത്യേകം അണുവിമുക്തമാക്കിയ മുറിയില്‍ ബ്രെസ്റ്റ് മില്‍ക്ക് പമ്പ് ഉപയോഗിച്ചാണ് മുലപ്പാല്‍ ശേഖരിക്കുന്നത്. ശേഖരിച്ച മുലപ്പാല്‍ പാസ്ചറൈസേഷനിലൂടെ അണുവിമുക്തമാക്കി മൈക്രോ ബയോളജിക്കല്‍ ടെസ്റ്റ് വഴി അണുവിമുക്തമായെന്ന് ഉറപ്പുവരുത്തി ഡീപ് ഫ്രീസറില്‍ സൂക്ഷിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അര്‍ഹരായ നവജാത ശിശുക്കള്‍ക്ക് ഇത്തരത്തില്‍ ശേഖരിച്ച പാസ്റ്ററൈസിഡ് ഡോണര്‍ ഹ്യൂമന്‍ മില്‍ക്ക് തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നത്.

ആശുപത്രി സൂപ്രണ്ടിന്റെയും ശിശുരോഗ വിഭാഗത്തിലേയും നിയോ നാറ്റോളജി വിഭാഗത്തിലെയും തലവന്‍മാരായ ഡോക്ടര്‍മാരുടെയും, നോഡല്‍ ഓഫീസറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നിലവില്‍ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ്, കോര്‍ഡിനേറ്റര്‍ , നഴ്‌സിംഗ് ഓഫീസര്‍മാർ, ജെ.പിഎച്ച്എന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നു. പരിശീലനം കിട്ടിയ നേഴ്‌സ്മാര്‍ പ്രസവാനന്തര വാര്‍ഡുകളില്‍ അമ്മമാര്‍ക്ക് കൗണ്‍സിലിങ്ങും ബോധവത്കരണവും നല്‍കുന്നു.

മഴ: ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

അതിതീവ്രമഴയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ജലാശയങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത തുടരണം.

വൈദ്യുത ഓട്ടോകളുടെ ഫ്ലാഗ് ഓഫ്

‘ഇൻഡസ്ടറി ഓൺ ക്യാമ്പസ്’ പദ്ധതിയുടെ ഭാഗമായി ആക്‌സിയൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് വിദ്യാർഥികൾ അസംബിൾ ചെയ്ത വൈദ്യുത ഓട്ടോകളുടെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 12.30 ന് ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.

പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ഗവ. പോളിടെക്‌നിക്ക് കോളേജുകളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്‌മെന്റ് കൊല്ലം, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ തിരുവനന്തപുരം, നാഷണൽ ജലജീവൻ മിഷൻ എന്നിവരുമായി ചേർന്ന് പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ അസ്സംബ്ലിങ്ങ് യൂണിറ്റും ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ പ്രവർത്തിക്കുന്നുണ്ട്.

*രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ സാധ്യതകൾക്കനുസരിച്ച് സംസ്ഥാനം അതിവേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ പുരോഗതിക്കായി വിനിയോഗിക്കുക എന്നതാണു സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു സയൻസ് പാർക്കുകളിൽ ഒന്നാണു ഡിജിറ്റൽ സയൻസ് പാർക്ക്. നിലവിലെ സാങ്കേതിക അറിവുകളെ ഗവേഷണത്തിലൂടെ നവീകരിക്കേണ്ടതുണ്ട്. കേരളത്തിന്റെ ഉയർന്ന നിലവാരത്തിലുള്ള മാനവ വിഭവശേഷിയെ ഇതിനായി ഉപയോഗിക്കാൻ കഴിയണം.

രണ്ടു വർഷം മുൻപ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോടു ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്. ഏകദേശം 1,515 കോടി രൂപയാണ് ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. കിഫ്ബിയിൽ നിന്ന് 200 കോടി രൂപ അനുവദിച്ചു. ഇതിന്റെ തറക്കല്ലിടൽ നടന്നത് ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ്. മൂന്നു മാസത്തിനുള്ളിൽത്തന്നെ ഡിജിറ്റൽ സയൻസ് പാർക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനും അതിന്റെ പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചിപ്പ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലായി സ്പെയിൻ, ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഭാഗമാകുകയാണ്. വിജ്ഞാന വ്യവസായ മേഖലയുടെയും ഗവേഷണങ്ങളുടെയും വളർച്ചക്കും ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂലമായ മാറ്റത്തിനും മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും പങ്കുവഹിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ട്രോണിക്സ് ഐടി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. അനിത കുമാരി, വാർഡ് മെമ്പർ ആർ. അർച്ചന ഡിജിറ്റൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവേണൻസ് മെമ്പർ സി മോഹൻ ,ടാറ്റ സ്റ്റീൽ മുൻ മേധാവി കാമേഷ് ഗുപ്ത, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3557/2023

എൻജിനിയറിങ് പ്രവേശനം: ഓഗസ്റ്റ് മൂന്നുവരെ ഫീസ് അടയ്ക്കാം

എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കണ്ടതുമായ ഫീസ് ഓഗസ്റ്റ് മൂന്നിനു വൈകീട്ട് മൂന്നിനകം ഓൺലൈൻ പേയ്‌മെന്റായോ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ ‘മുഖേനയോ അടയ്ക്കണം. നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ആർക്കിടെക്ച്ചർ ഉൾപ്പെടെയുള്ള കോഴ്‌സുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

പി.എൻ.എക്‌സ്. 3558/2023

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരം യു.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളജ് കാര്യാലയത്തിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസലും പകർപ്പും സഹിതം കൃത്യസമയത്ത് എത്തണം. അഡ്മിഷന് പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.

പി.എൻ.എക്‌സ്. 3559/2023

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പരീക്ഷ

ഓഗസ്റ്റ് ആറിന് നടക്കുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ് വേഡും നൽകി Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രന്റൗട്ട് എടുക്കാം.

അപേക്ഷയിലെ അപാകതകൾ മൂലം അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ ഓഗസ്റ്റ് നാലിന് വൈകീട്ട് 4ന് മുമ്പ് അപ്ലോഡ് ചെയ്യണം. തപാൽ/ഇ-മെയിൽ/ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

പി.എൻ.എക്‌സ്. 3560/2023

അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023 ലെ ആർക്കിടെക്ചർ കോഴ്‌സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം/പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർഥികൾക്ക് ‘KEAM 2023-Candidate Portal ലെ ‘Category List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്. 3561/2023

പ്ലാസ്റ്റിക് റീസൈക്ലിങ് ഏകദിന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ഓഗസ്റ്റ് 18ന് പ്ലാസ്റ്റിക് റീസൈക്ലിങ് എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 7907856226 നമ്പരിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 3562/2023

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർ പോർട്ട് മാനേജ്‌മെന്റ്‌

പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഈ പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. ആപ്ലിക്കേഷൻ ഓൺലൈനായി http://app.srccc.in/register എന്ന ലിങ്കിലൂടെ സമർപ്പിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ നം: 0471 – 2570471, 9846033009, 9646033001. വിശദാംശങ്ങൾ www.srccc.in ലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 3563/2023

കിറ്റ്സിൽ എം.ബി.എ സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻ ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കിറ്റ്‌സിന്റെ തൈക്കാടുള്ള ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം. കൂടുതൽവിവരങ്ങൾക്ക്: 9847273135/9446529467/0471-2327707, www.kittsedu.org.

പി.എൻ.എക്‌സ്. 3564/2023

ഫാർമസി (ബി.ഫാം) പ്രവേശനം: താത്കാലിക റാങ്ക് ലിസ്റ്റ്

2023 ലെ ഫാർമസി (ബി.ഫാം) കോഴ്‌സിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. KEAM 2023 – Candidate Portal’ ലെ ‘Provisional Rank List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് റാങ്ക് ലിസ്റ്റ് കാണാം. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് കാരണങ്ങളാലും ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതകളും ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളും പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും.

താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

പി.എൻ.എക്‌സ്. 3565/2023

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലുള്ള വിവിധ സെന്ററുകളിൽ സെപ്റ്റംബർ മാസം ആദ്യവാരം ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) – DCA(S) കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് DCA കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് DCA(S) കോഴ്സിനും ഡിഗ്രി യോഗ്യതയുള്ളവർക്ക് PGDCA കോഴ്സിനും ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് എട്ട്. കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 – 2560333.

പി.എൻ.എക്‌സ്. 3566/2023

ഇലക്ട്രോറൽ റോൾ

    20/07/2023ലെ 12-ാം വാല്യം 2384 നമ്പർ കേരള ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമനമ്പർ 1 മുതൽ 3962 വരെയുള്ള ഇലക്ട്രോറൽ റോൾ കരട് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ഓഫീസിലും (www.ksvc.kerala.gov.in) എന്ന വെബ്സൈറ്റിലും പരിശോധനക്കായി ലഭ്യമാണ്.

പി.എൻ.എക്‌സ്. 3567/2023

കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

    കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ലീപ് അംഗത്വ കാർഡിന്റെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.  ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ടെക്നോപാർക്ക് സിഇഒ സജീവ് നായർ, ദിനേശ് തമ്പി, എസ് ടി പി ഐ ഡയറക്ടർ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

    സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പർ) കോ-വർക്കിംഗ് സ്പെയ്സികളെന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങൾ തുടങ്ങുന്നതിനാണ് സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിട്ടിരിക്കുന്നത്.  പദ്ധതിയുടെ ഭാഗമാകുന്ന സ്റ്റാർട്ടപ്പുകൾക്കാണ് അംഗത്വ കാർഡ് ലഭ്യമാകുക.

    ലീപ് അംഗത്വ കാർഡിലൂടെ എല്ലാ ലീപ് കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ സബ്സിഡിയോടെ ഉപയോഗിക്കാൻ കഴിയും.  അംഗത്വ കാർഡിന് ഒരു വർഷത്തെ കാലാവധിയാണുള്ളത്.  സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, ഏയ്ഞ്ചൽ നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ തുടങ്ങിയവർക്ക് ലീപ് അംഗത്വ കാർഡുകൾ ലഭിക്കും.

    അനുയോജ്യമായ വർക്ക് സ്റ്റേഷനുകൾ മുൻകൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെ എസ് യു എമ്മിന്റെ എല്ലാ ഇൻക്യുബേഷൻ  കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡിൽ ഗ്ലോബൽ ഉൾപ്പെടെയുള്ള കെ എസ് യു എമ്മിന്റെ എല്ലാ പരിപാടികളിലുമുള്ള പങ്കാളിത്തം, പരിപാടികളിൽ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേൺഷിപ്പുകൾക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാർട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാർഡിലൂടെ ലഭിക്കും.

    സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലീപ് സെന്ററുകളിൽ രജിസ്റ്റർ ചെയ്യാം.  മികച്ച രീതിയിൽ രൂപകൽപന ചെയ്ത തൊഴിലിടങ്ങൾ, അതിവേഗ ഇന്റർനെറ്റ്, മീറ്റിംഗ് റൂമുകൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ ലീപ്പിലുണ്ടാകും.  പ്രൊഫഷണലുകൾക്ക് ദിവസ-മാസ വ്യവസ്ഥയിൽ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാം.  വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകൾക്കും ഈ സൗകര്യം ഗുണകരമാകും. 

    സ്റ്റാർട്ടപ്പുകൾക്കുള്ള മാർഗനിർദ്ദേശം നൽകൽ, ബിസിനസ് ഡവലപ്മെന്റ് സഹായം, ഫണ്ടിങ് അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും.  സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഗ്രാന്റുകൾ, വായ്പകൾ, മാർക്കറ്റ് ആക്സസ്, മെന്റേഴ്സ് കണക്ട്, ഇൻവെസ്റ്റർ കണക്റ്റ് തുടങ്ങിയ കെ എസ് യു എം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

പി.എൻ.എക്‌സ്. 3568/2023

എം.ബി.ബി.എസ്/ബി.ഡി.എസ് : എൻ.ആർ.ഐ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് അർഹത നേടുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ജൂലൈ 27ന് പ്രസിദ്ധീകരിച്ച താത്കാലിക എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 30 വൈകിട്ട് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് എൻ.ആർ.ഐ അന്തിമ കാറ്റഗറി ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്.  വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!