ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ – ആത്മനിർഭർ ഭാരത് സംരംഭങ്ങളിൽ ഇന്ത്യയുടെ പ്രധന പങ്കാളിയാണ് ഫ്രാൻസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം.
ഇന്ത്യൻ നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അന്തർവാഹിനികൾ വാങ്ങുന്നതും മാക്രോൺ – മോദി കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. പ്രതിരോധ – ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും ധാരണയായി. ഡൽഹിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും. പ്രതിരോധ മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് ഫ്രാൻസ് പങ്കാളിയാണ്. ഇന്ത്യൻ യുപിഐ പേയ്മെന്റ് സംവിധാനം ഇനി ഫ്രാൻസിലും ഉപയോഗിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യത തിരിച്ചറിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു

