ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ ആകെ 37 മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും ഹിമാചലിലും സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.ഹരിയാനയിലും ഡൽഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ ഹിമാചലിൽ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് മഴ വൻ നാശം വിതച്ചിരിക്കുന്നത്.
ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് സർജന്മാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. പാലങ്ങളും റോഡും തകർന്നതിനാൽ മടക്കയാത്ര പ്രതിസന്ധിയിലാണ്. ഹിമാചലിൽ പലയിടങ്ങളിലായി നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. കനത്ത മഴയിൽ ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്. പഞ്ചാബിൽ വ്യാഴാഴ്ച വരെ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്.
പടിഞ്ഞാറൻ അസ്വസ്ഥതയും (Western Disturbance) മൺസൂണും തമ്മിലുള്ള പരസ്പര ബന്ധമാണ് ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ ഇടപെടൽ കനത്തത് ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, വടക്കൻ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് കാരണമായി.
ഡൽഹിയിൽ സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യമുന നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ക്യുസെക്സിൽ വെളളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രദേശത്ത് പ്രളയ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്.