തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെട്ട് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് പരാതിക്കാരൻ ആർ.എസ്.ശശികുമാറിനോട് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടാതെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങാൻ ലോകായുക്ത പരാതിക്കാരനോട് പറഞ്ഞു. പല ദിവസങ്ങളിലായി ലോകായുക്ത ഫുൾ ബഞ്ച് ചേരുന്നു. ഈ കേസ് തലയിൽനിന്നു പോയി കിട്ടിയാൽ അത്രയും സന്തോഷമെന്നും ലോകായുക്ത വാദത്തിനിടെ പറഞ്ഞു. കേസ് മാറ്റിയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്നും മാധ്യമങ്ങളിൽ വാർത്ത വരുമല്ലോയെന്നും ലോകായുക്ത ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റി.
കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ തീർപ്പാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവയ്ക്കുവാൻ ലോകായുക്തയ്ക്ക് അപേക്ഷ സമർപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. പത്തു ദിവസം കഴിഞ്ഞാണ് ഹൈക്കോടതി കേസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെതിരെയാണ് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നു ഹർജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടി.