തിരുവനന്തപുരം: അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും യെലോ അലർട്ടാണ്. അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നതാനാൽ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പത്തനംതിട്ട അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നു. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്‌റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്‌റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്‌റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
സംസ്ഥാനത്തുടനീളം അതിശക്ത മഴയിൽ കനത്ത നാശനഷ്ടം. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. രാവിലെ ഏഴുമണിയോടെ 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. താൽക്കാലത്തേക് ഷീറ്റു വച്ച് മറയ്ക്കും. മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനിയിൽ 13 കുടുംബങ്ങളും ക്യാംപിലേക്കു മാറ്റി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങളിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കി വിലക്കേർപ്പെടുത്തി. തിരുവല്ല നിരണം വടക്കും സെന്റ് പോൾസ് സിഎസ്ഐ പള്ളി മഴയിൽ തകർന്നു. തൃശൂരിലുണ്ടായ മിന്നൽ ചുഴലിയിൽ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടം.