എ ഐ ക്യാമറ അഴിമതിയിൽ കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഐഎം അടിമകളുടെ മുഖത്തേറ്റ അടിയാണെന്ന് കെ സുധാകരൻ. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്
സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സി.പി.എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ ഇന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ .
അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്.
അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി .
ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കും.

