ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്. കുറ്റാരോപിതരും ഐ.ഐ.ടി അധ്യാപകരുമായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് സമന്‍സ് നല്‍കിയിട്ടുള്ളത്. ചോദ്യം ചെയ്യാന്‍ കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യം.
അധ്യാപകരെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കാമ്പസില്‍ ഒന്നാവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഒന്നരമാസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ രംഗത്തുണ്ട്. തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരത്തിന് ഇറങ്ങുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. അതേസമയം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡി.എം.കെയും പ്രശ്‌നം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം ഐ.ഐ.ടി ഡയറക്ടറുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഫാത്തിമ ലത്തീഫ് മരിച്ചതിന് ശേഷം കുടുംബാംഗങ്ങളോട് സംസാരിക്കുക എന്ന സാമാന്യ മര്യാദ പോലും പാലിക്കാത്ത അധികൃതര്‍ക്കെതിരെ കാമ്പസിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.

