ബ്രിജ്‌ഭൂഷൺ സിംഗിനെതിരെ സമരം ചെയുന്ന ഗുസ്തി താരങ്ങളുടെ മുൻ നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ആരോപണവുമായി ഗുസ്തി താരവും ബി.ജെ.പി. നേതാവുമായ ബബിത ഫൊഗട്ട്.കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന് ട്വിറ്ററിൽ കൂടി പുറത്തിറക്കിയ പ്രസ്താവനയിൽ ബബിത ആരോപിച്ചു.
സാക്ഷി മാലികും അവരുടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയനും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിശദീകരണ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നുമുള്ള ചില ബിജെപി നേതാക്കളുടെ ആരോപണത്തിന് ഉള്‍പ്പെടെ വീഡിയോയില്‍ സാക്ഷി മാലിക് മറുപടി നല്‍കിയിരുന്നു.
ജനുവരില്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രവും വീഡിയോയില്‍ സാക്ഷി മാലിക് പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നായിരുന്നു സാക്ഷി മാലിക്ക് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക്കിന്റേയും സത്യവര്‍ത് കാഡിയയന്റെയും വാദം തള്ളിക്കൊണ്ട് ബബിത രംഗത്തെത്തിയത്.
സാക്ഷി മാലികും സത്യവർതും കാണിച്ച അനുമതി പത്രത്തിലുള്ളത് തന്റെ ഒപ്പ് അല്ലെന്ന് പറഞ്ഞ ബബിത, അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു.
‘സത്യം എന്തായാലും പുറത്തുവരും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമുണ്ട് എന്നായിരുന്നു ഞാൻ പറഞ്ഞത്. തുടക്കം മുതൽ തന്നെ പ്രതിഷേധത്തിന് ഞാൻ എതിരായിരുന്നു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പോയി കാണാൻ വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. അവിടെ നിന്നാണ് പരിഹാരം ഉണ്ടാകുക’ – ബബിത ട്വീറ്റിൽ പറഞ്ഞു.

