കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ അടിമുടി പിഴവ്. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് രാവിലെ 8.15നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. 8.30 ന് വന്ദനയുടെ മരണം സംഭവിച്ചിട്ടും 9.39 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കൊലപാതക ശ്രമം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 302, 304 ഉൾപ്പെടുത്തിയിട്ടില്ല.
ഡോക്ടറെയാണ് ആദ്യം കുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടറിൻ്റെ മൊഴിയനുസരിച്ചാണ് ഇത് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, എഫ്ഐആറിൽ മാറ്റം വരുത്തുമെന്ന് പൊലീസ് അറിയിച്ചു. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരും. ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി ഇന്നലെത്തന്നെ രേഖപ്പെടുത്തി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തി. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

