പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ്സ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും. വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
സിൽവർ ലൈനിന് പകരമാണ് വന്ദേ ഭാരത് ഒരുക്കിയിരിക്കുന്നത് എന്നടക്കമുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് കെ റെയിൽ വിരുദ്ധർ പ്രതിഷേധം നടത്തിയത്. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി വന്ന റോസ്ലിൻ അടക്കമാണ് വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയത്. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമാണ് ഉയർത്തുന്നതെന്നും തൾക്കെതിരായിട്ടുള്ള കള്ള കേസുകൾ ഇല്ലാതാക്കണമെന്നും റോസ്ലിൻ പറഞ്ഞു.
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് റോസ്ലിൻ അടക്കമുള്ളവർ കഴിഞ്ഞ വർഷം മെയ് 17ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നായിരുന്നു പൊലീസ് വാദം.

