കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുക്കും. റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ പ്രതിയെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
എലത്തൂരില്‍വെച്ച് കൃത്യം നടത്തിയശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. കണ്ണൂര്‍ സ്റ്റേഷനിലാണ് ഏറെനേരം ഒളിച്ചിരുന്നതും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

