തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണി (20) നെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
വിധി കേള്‍ക്കാനായി സൂര്യഗായത്രിയുടെ പിതാവ് കെ.ശിവദാസനും മാതാവ് എ.വത്സലയും ഇന്ന് കോടതിയില്‍ എത്തും. ഭിന്നശേഷിക്കാരിയായ മാതാവിനും പിതാവിനും ആശ്രയമായിരുന്ന സൂര്യഗായത്രിയുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ഇരുവരും ഇതുവരെ മോചിതയായിട്ടില്ല. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.
മുന്‍പ് സൂര്യഗായത്രിയും മാതാവും ചേര്‍ന്ന് ലോട്ടറി വില്പന നടത്തിയാണ് ജീവനോപാധി കണ്ടെത്തിയത്. മകളുടെ മരണത്തിന് ശേഷവും ഭാഗ്യം വില്‍ക്കുകയാണ് വത്സല. വാടക കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് വത്സല പറയുന്നു. അഞ്ച് വയസില്‍ പോളിയോ വന്ന് കാലിന് സ്വാധീനം കുറഞ്ഞതോടെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് വത്സല. ചലനശേഷി ഇല്ലാത്ത തന്റെ കണ്മുന്നിലിട്ടാണ് മകളെ പ്രതി അരുണ്‍ തുരുതുരെ കുത്തിയതെന്നും ഇഴഞ്ഞുചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും കുത്തിയതായും വത്സല കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവെച്ചിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹന്‍, അഡ്വ. അഖില ലാല്‍, അഡ്വ. ദേവിക മധു എന്നിവര്‍ ഹാജരായി. വലിയമല സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇപ്പോള്‍ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്.വി.സനല്‍രാജ്, എസ്. ദീപ എന്നിവരാണ് കേസിന്റെ അന്വേഷണ നടത്തി കുറ്റപത്രം തയാറാക്കിയത്.

