തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. വി.ഡി. സതീശനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പദ്ധതിക്കായി പണം എത്തിയത്. എന്നാൽ ഈ പണമിടപാടിൽ വി.ഡി. സതീശന് യാതൊരു പങ്കുമില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പൂർണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുൻപ് നടന്ന വിജിലൻസ് അന്വേഷണത്തിലും വി.ഡി. സതീശനെതിരെ തെളിവുകൾ കണ്ടെത്താനായിരുന്നില്ല. വീണ്ടും നടത്തിയ അന്വേഷണത്തിലും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഈ കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ വരെ നീക്കം നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

