യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗമാണ് ബഹിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ സൂചന കൂടി നല്‍കുകയാണ് മുതിര്‍ന്ന നേതാക്കള്‍. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് നേതാക്കള്‍ നല്‍കുന്നത്.
അതേസമയം, ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ഉയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. തുടര്‍ച്ചയായി ശിശു മരണം റിപ്പോര്‍ട്ട് ചെയ്യുന്ന അട്ടപ്പാടി വിഷയവും പൊതു ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ യുഡിഎഫ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി യുഡിഎഫ് പ്രതിനിധി സംഘം അട്ടപ്പാടി സന്ദര്‍ശിക്കും.
കെ റയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യവും യോഗത്തില്‍ പരിഗണനയിലുണ്ടായിരുന്നു. ഇന്ധനവില വര്‍ദ്ധനവിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ സമര പരിപാടികള്‍ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു യോഗം.