Trending

നേപ്പാളിലെ മിന്നൽ പ്രളയം: മരണം 584 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല; 8 മലയാളികൾക്കായി തിരച്ചിൽ

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിന്റെ ദുരന്തവ്യാപ്തി വർധിക്കുന്നു. മരണസംഖ്യ 584 ആയി ഉയർന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമായി. ടിബറ്റിലെ ഗൈറോങ് പോർട്ടിൽ അഞ്ച് പേരാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യയിലെ നദികളിൽ ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. വലിയ അളവിൽ ചെളിയടിഞ്ഞതും പാലങ്ങളും നദിക്കരയിലെ റോഡുകളും തകർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. 2400 പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാമെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.

ത്രിശൂലി നദിയുടെ ഭാഗങ്ങളിൽ തുടരുന്ന മഴയും ആശങ്ക വർധിപ്പിക്കുന്നു. നേപ്പാളിൽ 86 സുരക്ഷാ ഉദ്യോഗസ്ഥരും 517 വിദേശികളുമടക്കം 1910 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 1545 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. 121 വിദേശികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇതിൽ 85 ഇന്ത്യക്കാരും 16 ചൈനക്കാരും ഒൻപത് ദക്ഷിണകൊറിയൻ പൗരന്മാരുമുണ്ട്. മൂന്ന് പേരുടെ പൗരത്വം സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, ടിബറ്റിലെ ഗൈറോങ് പ്രവിശ്യയിൽ നിന്ന് 555 വിനോദസഞ്ചാരികളടക്കം 1000 പേരെ ഒഴിപ്പിച്ചതായി ചൈന അറിയിച്ചു. മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒഴുകിയെത്തിയത് തിരിച്ചറിയലിനും ബന്ധുക്കൾക്ക് കൈമാറുന്നതിനും വലിയ വെല്ലുവിളിയാണ്.

ചോച്ചൻ ഖോല, പുരേപു സാങ്പോ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകമാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. ചൈനയുടെ ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച രാവിലെവരെ തടാകത്തിൽ 20 ലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി എത്തുമെന്നാണ് കണക്ക്. തടാകം എപ്പോൾ വേണമെങ്കിലും പൊട്ടിയൊഴുകാൻ സാധ്യതയുള്ളതിനാൽ നേപ്പാളും ടിബറ്റും അതീവ ജാഗ്രതയിലാണ്. തടാകം കരകവിഞ്ഞതോടെ ഭോട്ടേകോശി, ത്രിശൂലി നദികളിലെ ജലനിരപ്പും ഉയർന്നു. ചൈന ഗൈറോങ് പോർട്ടിലെ രക്ഷാപ്രവർത്തനം മണിക്കൂറുകളോളം നിർത്തിവെച്ച് രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും പിന്നീട് അതീവ ജാഗ്രതയോടെ പ്രവർത്തനം പുനരാരംഭിച്ചു. ഏറ്റവുമധികം നാശമുണ്ടായ റാസുവ ജില്ലയിൽ 12 മൃതദേഹങ്ങൾ ലഭിച്ചപ്പോൾ 150 മുതൽ 200 കിലോമീറ്റർ അകലെയുള്ള ചിറ്റ്വാനിൽ നിന്ന് നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നേപ്പാളിലെ പ്രളയമേഖലയിൽ കുറഞ്ഞത് 320 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശപൗരത്വമുള്ള നൂറോളം ഇന്ത്യൻ വംശജരെയും കാണാനില്ല. ഇവരിൽ ഭൂരിഭാഗവും കൈലാസ് മാനസസരോവർ യാത്രയ്ക്കുപോയവരാണ്. ചൈനീസ് ഭാഗത്ത് 400ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. 96 പേർ കരമാർഗം സുരക്ഷിതമായി നേപ്പാളിലെത്തി. അതേസമയം, പ്രളയമേഖലയിൽ കുടുങ്ങിയ 68 മലയാളികളിൽ 60 പേർ സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ എട്ടുപേരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. നോർത്ത് പറവൂർ, കൊല്ലം, കണ്ണൂർ സ്വദേശികളായ മൂന്നുപേരും അഞ്ച് വിദേശമലയാളികളുമാണ് കാണാതായവരിലുള്ളത്. വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ടിബറ്റിലെ ദാർച്ചനിൽനിന്ന് കാഠ്മണ്ഡുവിലെത്തിയ 19 മലയാളികളടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം 31-ന് വിമാനമാർഗം നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. നേപ്പാളിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് കേരളത്തിലെത്താൻ നോർക്കയുടെ ഹെൽപ്പ് ഡെസ്കുകളെയോ ഡൽഹി എൻ.ആർ.കെ. ഡെവലപ്‌മെന്റ് ഓഫീസിനെയോ 18004253939 എന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ നമ്പറിലോ ബന്ധപ്പെടാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!