തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാകും. പ്രചാരണത്തിന്റെ ക്ലൈമാക്‌സ് ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. മറ്റന്നാളാണ് വോട്ടെടുപ്പ്. കേന്ദ്രീകൃത കലാശക്കൊട്ടിന് പാലാരിവട്ടം ജംക്ഷനാണ് മൂന്ന് മുന്നണികള്‍ക്കും അനുവദിച്ചിരിക്കുന്നത്. ജംഗ്ഷന്റെ മൂന്ന് ഭാഗങ്ങളിലായി മൂന്ന് മുന്നണികളും അണിനിരക്കും. വൈറ്റില, കാക്കനാട്, എന്‍ജിഒ ക്വാട്ടേഴ്സ്, പടമുകള്‍, ചെമ്പുമുക്ക് ജംഗ്ഷനുകളില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്‍കിയ നോട്ടീസ് തള്ളി പി സി ജോര്‍ജും നാളെ മണ്ഡലത്തില്‍ എത്തും. എന്‍ഡി എ സ്ഥാനാര്‍ഥിക്ക് ഒപ്പം രാവിലെ എട്ടര മുതല്‍ പ്രചാരണത്തിന് ഇറങ്ങും.
ഇന്ന് ആറുമണി കഴിഞ്ഞാല്‍ തൃക്കാക്കരയില്‍ പുറമേനിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം. ഇത് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തും. ആരെങ്കിലും തങ്ങുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്കു വരുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിക്കും.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ് കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനടുത്തുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പാലാരിവട്ടം ജങ്ഷനില്‍ കൊട്ടിക്കലാശം നടത്തും. എല്‍.ഡി.എഫ്. അതത് ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ സമാപനം ആഘോഷമാക്കും. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പര്യടനം ഞായറാഴ്ച രാവിലെ കാക്കനാട് ഓപ്പണ്‍ സ്റ്റേജില്‍നിന്ന് തുടങ്ങി പാലാരിവട്ടത്ത് സമാപിക്കും.
എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം കാക്കനാടുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ തുടങ്ങും. പി.സി. ജോര്‍ജ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടാവും. നാലുമണിയോടെ പാലാരിവട്ടം ജങ്ഷനില്‍ സമാപിക്കും.