ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്മാര്‍

0
94

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ഓര്‍ത്തഡോക്സ് സഭാ നേതൃത്വം. ക്രിസ്ത്യന്‍-മുസ്ലിം വൈരമില്ലെന്ന സന്ദേശം നല്‍കാനാണ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേതൃത്വം അറിയിച്ചു.

കുന്നംകുളം ഭദ്രാസനാധിപന്‍ സഭാധ്യക്ഷന്‍മാരായ ഗീവര്‍ഗീസ് മാര്‍ യൂലിയോസും യാക്കോബ് മാര്‍ ഐറേനിയോസുമാണ് തങ്ങളെ കണ്ടത്. ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി, ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും പങ്കെടുത്തു.

രാവിലെ പത്ത് മണിയോടെയാണ് അധ്യക്ഷന്മാര്‍ പാണക്കാടെത്തിയത്. സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്നും മറ്റു ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സഭാധ്യക്ഷന്മാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്തെ ഓര്‍ത്തഡോക്സ് ദേവലോകം അരമനയിലെത്തി സഭാധ്യക്ഷന്മാരെ കണ്ടിരുന്നു. അതേസമയം യാക്കോബായ സഭ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഇരു സഭകള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്മാര്‍ പാണക്കാടെത്തി ചര്‍ച്ച നടത്തിയതെന്നതും പ്രധാനമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭ ആരെ പിന്തുണയ്ക്കുമെന്നതും കാത്തിരുന്ന് കാണേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here