ദുബായ്: ഭീകരാക്രമണ ശ്രമം നടന്ന ഫ്ലൈദുബായ് വിമാനത്തില്‍ രക്ഷകനായി മാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് യുഎഇ പ്രസിഡന്റിന്റെ ആദരം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ധൈര്യം കാണിച്ചതിന് മച്ചാര്‍ ഉള്‍പ്പടെയുള്ള ഫ്ലൈദുബായ് ജീവനക്കാര്‍ക്ക് ഫസ്റ്റ് ക്ലാസ്സ് ഓര്‍ഡര്‍ ഓഫ് സായിദ് ദി സെക്കന്‍ഡ് പുരസ്കാരം നല്കി. യുഎഇ പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റും ദുബായ് കിരീടവകാശിയും മച്ചാറിനെയും സംഘത്തെയും ആദരിക്കാനെത്തി.
ആ മനോധൈര്യത്തിന് മുന്നില്‍ ലോകമൊന്നാകെ തലകുനിച്ചിട്ട് നാളെ ഒരു മാസമാവുകയാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ നിന്ന് എഴുന്നേറ്റത്. തലയുടെ പിന്നില്‍ ഇപ്പോഴും മുറിവ് തുന്നിച്ചേര്‍ത്തതിന്റെ പാടുണ്ട്. കയ്യിലെ പരിക്കുകള്‍ മാറിയിട്ടില്ല.178 ജീവനുകള്‍ ആകാശത്തിനും ഭൂമിക്കും ഇടയില്‍ നിലവിളിച്ച രാത്രി ഉള്‍ബലം കൊണ്ട് അത്ഭുതം കാട്ടിയ സ്മിത്ത് മച്ചാറിനും കൂട്ടര്‍ക്കും ഹൃദയത്തില്‍ ഇടം ഒരുക്കുകയാണ് യുഎഇ. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനും സംഘത്തിനും യുഎഇയിലെ ഏറ്റവും വലിയ സിവിലൈന് ബഹുമതികളില്‍ ഒന്നായ ഫസ്റ്റ് ക്ലാസ്സ് ഓര്‍ഡര്‍ ഓഫ് സായിദ് ദി സെക്കന്‍ഡ് പുരസ്കാരം സമ്മാനിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂീ, പ്രതിരോധ മന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. സ്മിത്ത് മച്ചാറെ ഹൃദയത്തോട് ചേര്‍ത്ത് ആലിംഗനം ചെയ്താണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ സ്വാഗതം ചെയ്തത്
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വിമാനം സുരക്ഷിതമാക്കുന്നതിലും ക്രൂവിന്റെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും രാഷ്ട്രനേതാക്കള്‍ പ്രശംസിച്ചു.ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്മാന് ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തു.

