
തൂലിക പടവാളാക്കിയ പത്രപ്രവർത്തകൻ,ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 109 വയസ്.കേരളത്തിന്റെ മാധ്യമ ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും എന്നും പ്രതിധ്വനിക്കുന്ന പേരാണ് സ്വദേശാഭിമാനി. വെറും 5 വർഷം മാത്രം അച്ചടി നടത്തിയ ഈ പത്രത്തിന് കേരള നവോത്ഥാന ചരിത്രത്തിലെ സ്ഥാനം ചെറുതല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സ്വദേശാഭിമാനി പത്രം ഗണ്യമായ സംഭാവനകൾ നൽകി. ഭരണകൂട അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെ തന്റെ തൂലിക ചലിപ്പിക്കാൻ ഒരു തരി പോലും അധൈര്യം അദ്ദേഹം കാണിച്ചിരുന്നില്ല. 1906 ലാണ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏൽക്കുന്നത്. പിന്നീട് വനിതകൾക്കായി ശാരദ് മാസികയും വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി മാസികയും ആരംഭിച്ചു. എന്നാൽ ദിവാൻ ഭരണത്തിനും രാജവാഴ്ചയുടെ നെറികേടുകൾക്കുമെതിരെ തൂലികചലിപ്പിച്ചു എന്ന കാരണത്താൽ 1910 സെപ്റ്റംബർ 26 ന് തിരുനെൽവേലിയിലേക്ക് നാടുകടത്തപ്പെട്ടു. പക്ഷേ അവിടം കൊണ്ട് അവസാനിക്കുന്നത് ആയിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. അനീതിക്കും ഭരണകൂടം നെറികേടുകൾക്കുമെതിരെ അദ്ദേഹം വീണ്ടും എഴുതി. നിർഭയ പത്രപ്രവർത്തകനായി അവസാനം വരെ നിലകൊണ്ടു.
1878 മേയ് 25-ന് നെയ്യാറ്റിന്‍കരയില്‍ മുല്ലപ്പള്ളി വീട്ടില്‍ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛന് നരസിംഹന് പോറ്റിയും അമ്മ ചക്കിഅമ്മയുമായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ കോളേജില്‍ ചേര്‍ന്ന രാമകൃഷ്ണന് പില്ക്കാലത്ത് സാഹിത്യരംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന മഹാകവി ഉള്ളൂര്‍, ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന് തുടങ്ങിയ വ്യക്തികളുമായി പരിചയപ്പെട്ടു. രാമകൃഷ്ണപിള്ളയുടെ പല ലേഖനങ്ങളും പത്രങ്ങളില്‍ അച്ചടിച്ചുവന്നു.
തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ വാർത്ത പത്രമായിരുന്നു സ്വദേശാഭിമാനി. ലാഭം എന്നതിനപ്പുറംനേരു പറയുന്ന പത്രം എന്നതായിരുന്നു സ്വദേശാഭിമാനിയുടെ പ്രത്യേകത.എന്നാൽ1910 സെപ്റ്റംബർ 26 ന് സ്വദേശാഭിമാനി പത്രവും അച്ചടിശാലയും ഇന്ത്യൻ ഇംപീരിയൽ പൊലീസ് സീൽ ചെയ്യുകയും കണ്ടുകെട്ടുകയും ചെയ്തു. ഈ സമയത്തും സ്വദേശാഭിമാനി പത്ര ഉടമ വക്കം മൗലവി രാമകൃഷ്ണപിള്ളയ്ക്ക് കൂടുതൽ പിന്തുണ നൽകി. നാടുകടത്തിനുശേഷം വിവിധ ഇടങ്ങളിലായായിരുന്നു രാമകൃഷ്ണപിള്ളയുടെ താമസം. അങ്ങനെ 1915 ൽ കണ്ണൂരിലെത്തി. എന്നാൽ വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി മാറ്റി. തന്റെ 38 ആം വയസ്സിൽ1916 മാർച്ച് 28 ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു.

