മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) മരിച്ചത്. ഓട്ടോയുടെ ഫിറ്റ്‌നസിനായി ഏജന്റ് വഴിയല്ലാതെ നേരിട്ട് എംവിഡിയെ ബന്ധപ്പെട്ടപ്പോള്‍ നിരന്തരം ഫിറ്റ്‌നസ് നിഷേധിച്ചെന്നാണ് ആരോപണം. തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്.
കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ പത്ത് മാസമായി താന്‍ ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവറുടെ കുറിപ്പില്‍ പറയുന്നുണ്ട്. ഇനി എന്റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കില്‍ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ ജീവനൊടുക്കാനുള്ള തീരുമാനമെന്നും ഇയാള്‍ പറഞ്ഞു. ഓട്ടോയില്‍ സ്റ്റീല്‍ വര്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് എംവിഡി ഫിറ്റ്‌നസ് നിഷേധിച്ചത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്നാണ് അവസാന ആഗ്രഹമെന്നും മരണ കുറിപ്പില്‍ പറയുന്നുണ്ട്. ഓട്ടോ ഡ്രൈവറുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

