ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും സംഘടകര്‍ക്കാണ് ഉത്തരവാദിത്തമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട്, ബജ്‌റങ് ദള്‍ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുന്‍പാകെ വന്ന ഹര്‍ജി ഇന്നു പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നു പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ട് റാലികള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ ആരു വിളിച്ചാലും കര്‍ശന നടപടി വേണമെന്നു വ്യക്തമാക്കിയ കോടതി, റാലികളില്‍ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത് എന്നും ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു.