താമരശ്ശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) കാംപസിലെ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ വിയോഗത്തെ ഉൾക്കൊളളാനാവാതെ വിതുമ്പുകയാണ് സാറയുടെ കുടുംബവും നാട്ടുകാരും. തോമസ് – റാണി സെബാസ്റ്റ്യൻ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസൻ, സാനിയ എന്നിവർ സഹോദരങ്ങളാണ്. പഠനത്തിൽ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. മറ്റുകാര്യങ്ങളിലും സാറ സജീവമായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികൾ അവതരിപ്പിച്ചിരുന്നു. തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റിൽ അധ്യാപകരാണ്. ഇവരാണ് ആദ്യം വിവരം അറിഞ്ഞത്. അപകടവിവരമറിഞ്ഞ് സാറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗ്രീൻ റൂമിലോ മറ്റോ ആയതിനാൽ ഫോൺ എടുക്കാൻ കഴിയാത്തതാണെന്ന് കരുതി. ആശുപത്രിയിൽ എത്തിയപ്പോൾ ഇവിടെയുള്ളവരാണ് മരിച്ചവരിൽ സാറയും ഉണ്ടെന്ന് അറിയിക്കുന്നത്. തുടർന്ന് മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടനെ സാറയുടെ പിതാവ് തോമസ് സ്‌കറിയയും മാതാവ് റാണി സെബാസ്റ്റിയനും സഹോദരി സാനിയയും കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ സാറയുടെ മൃതദേഹം താമരശ്ശേരിയിലെ വീട്ടിൽ എത്തിക്കും.തുടർന്ന് പൊതുദർശനം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.