പെരിങ്ങളം: കുന്ദമംഗലം മില്‍മ പ്ലാന്റില്‍ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് മലിന ജലവുമായി നാട്ടുകാര്‍ മില്‍മ മെയിന്‍ ഓഫിസില്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പെരിങ്ങളം മില്‍മ പ്ലാന്റില്‍ നിന്നാണ് മലിനജലം ഒഴുക്കിവിട്ടതായി പരാതി. മുന്‍പും പല തവണയും ഇത്തരത്തില്‍ മലിന ജലം ഒഴുക്കി വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് മലിന ജലം ശേഖരിച്ച് നാട്ടുകാര്‍ ഓഫീസിലെത്തിയത്. രാത്രികാലങ്ങളില്‍ മഴയുള്ള സമയത്ത് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവെന്നും ഇത് സമീപത്തെ വീടുകളിലേക്ക് ആണ് എത്തിച്ചേരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കറുത്ത കരിയോയില്‍ പോലെയുള്ള ജലമാണ് ഒഴുക്കി വിടുന്നതെന്നും ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാന്‍ അവരുടെ ശരീരത്തിലൊഴിച്ച് പ്രതിഷേധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്ത് വലിയ തോതില്‍ ജനങ്ങള്‍ കൂടിയിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വിഷയത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രക്ഷോപവുമായി മുന്നോട്ട് പോവാനാണ് നാട്ടുകാരുടെ തീരുമാനം.