കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കിയ പശ്ചാത്തലത്തിൽ ഡാൻസാഫ് സംഘത്തിന്റെയും ടൗൺ പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 38 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായി. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശിയായ സാജിദ് ജമാലാണ് ഇന്ന് പുലർച്ചെ ആറുമണിയോടെ സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടിയിലായത്.
ജാമ്യത്തിൽ ഇറങ്ങി സമാന കുറ്റകൃത്യങ്ങളിൽ വീണ്ടും ഏർപ്പെട്ടുവെന്ന വിവരത്തെ തുടർന്ന് സാജിദ് ജമാൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
ഡെൻസാഫിന്റെ പിടിയിൽ നിന്നും പലതവണകളായി തലനാരിഴക്ക് രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ലാറ്റിന്റെ ഡോറിൽ വളർത്തു നായ്ക്കളെ((റോട്ട് വീലർ ജർമൻ ഷെപ്പേർഡ്) കെട്ടിയിട്ടായിരുന്നു വിൽപ്പന. ടെൻൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയായിരുന്നു
മെഡിക്കൽ കോളേജ്, പന്തീരാങ്കാവ്, കാസബ സ്റ്റേഷൻ പരിധികളിലുൾപ്പെടെ എംഡിഎംഎ കേസുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ പിടിയിലാകുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഡാൻസാഫ് സംഘത്തിന്റെ പിടിയിലാകുന്നത് ഇത് രണ്ടാം തവണയാണ്.
സ്കൂൾ അവധിക്കാലമായതിനാൽ ലഹരിവസ്തുക്കൾക്ക് ആവശ്യക്കാർ കൂടുതലാണെന്ന് പ്രതി മൊഴി നൽകിയതായും, നിരവധി പെൺകുട്ടികളും ലഹരി വാങ്ങുന്നതായി ഇയാൾ വെളിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
അവധിക്കാലം മുന്നിൽ കണ്ടുകൊണ്ട് കോഴിക്കോട് നഗരത്തിൽ കർശന പരിശോധന തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഈ മാസം ഡാൻസാഫ് സംഘം നഗരത്തിൽ നടത്തിയ ഏഴാമത്തെ ലഹരി വേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നതെന്നും അധികൃതർ അറിയിച്ചു.

