കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാഭരണകൂടത്തിന്റെ സഹായം ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക പ്രശ്‌നം ഉണ്ട്. ഇവ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ടീമുകള്‍ രൂപീകരിക്കും. കൂടുതല്‍ സന്നദ്ധസംഘടനകളെ നാഷണല്‍ ട്രസ്റ്റില്‍ രജിസറ്റര്‍ ചെയ്യിക്കാനും ട്രസ്റ്റിന് കീഴില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് നാഷണല്‍ ട്രസ്റ്റ് സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍ ചെയര്‍മാന്‍ ടി.ജേക്കബ് ക്ലാസെടുത്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ പി.സിക്കന്തര്‍, ജില്ലാതല മെമ്പര്‍ ഡോക്ടര്‍ പി.ഡി. ബെന്നി, ജില്ലാസാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, സന്നദ്ധ സംഘടന പ്രതിനിധികള്‍, സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.