കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതായി പരാതി. വർഷങ്ങളായി ഇവിടെ വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതു വരെ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
പേരടി താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ കുടുംബ സമീപമുള്ള ഈ കോട്ടയിൽ വർഷാവർഷം നാഗപാട്ടുകൾ ഉൾപ്പടെ ആചാര അനുഷ്‌ഠാനങ്ങൾ നടക്കുന്ന പ്രദേശമാണ് ആ സമയങ്ങളിൽ മാത്രമേ കർമ്മത്തിനെത്തുന്ന ആളുകൾ ഈ കോട്ടയിൽ പ്രവേശിക്കുകയുള്ളു മറ്റാരും തന്നെ ഇങ്ങോട്ടേക്കായി കടക്കാറില്ല. അതു കൊണ്ട് തന്നെ കോട്ടയ്ക്കകത്ത് വവ്വാലുകൾ ചത്തു കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാത്രികാലങ്ങളിൽ ചത്തു വീഴുന്ന വവ്വാലുകളെ നായ കുറുക്കൻ മുതലായ മൃഗങ്ങൾ ഭക്ഷണ മാക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. കോറോണയ്ക്കൊപ്പം ജില്ലയിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. പല പ്രദേശങ്ങളിലും പക്ഷികൾ ചത്തു വീഴുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു.
മുൻപ് ഇതേ സമയത്താണ് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതതെന്നും, മെയ് ഏപ്രിൽ മാസങ്ങളിൽ വവ്വാലുകൾ പ്രത്യേക തരം സ്രവം പുറത്ത് വിടുന്ന സമയമായതിനാലും ഭീതിയുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ പെട്ടെന്നു തന്നെ അധികൃതർ ഇടപെടണമെന്നും പ്രദേശവാസികൾ ആവിശ്യപെട്ടു.