ബെയ്റൂട്ട്: ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്ക് പരിക്കേറ്റു.
ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.
ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തു.
ബെയ്റൂട്ടിലേക്കുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു. വ്യോമാക്രമണത്തില്‍ 1,240-ലധികം പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ വംശഹത്യയാണ് നടത്തുന്നതെന്ന് ലെബനനന്‍ പ്രതികരിച്ചു. സംഘര്‍ഷ ബാധിത പ്രദേസങ്ങളില്‍ നിന്ന് ഇപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെ ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തി. ഹിസ്ബുള്ള 300ഓളം റോക്കറ്റുകള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലെബനനിലെ ബെകാ വാലിയില്‍ വന്‍ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്.