കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റുമായി പി.വി അൻവർ. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും പി.വി അൻവർ പറഞ്ഞു.
‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് രൂക്ഷവിമർശനം. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ ബേപ്പൂരില തോൽവിയേക്കുറിച്ച് പറഞ്ഞ പ്രസംഗം പങ്കുവെച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.
പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യംതന്നെയാണ്. യു.ഡി.എഫിന് കിട്ടിയ 102 സീറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽപോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത്.
പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറിയാണ് എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും പരിഗണിക്കാതെയും സ്ഥാനമാനങ്ങൾ ത്യജിച്ചും രാഷ്ട്രീയ ഭാവിക്കുവേണ്ടി ഒട്ടും അഡ്ജസ്റ്റ് ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത്. അത് മറക്കരുത്- പോസ്റ്റിൽ പറയുന്നു. ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ സ്ഥാനാര്‍ഥിത്വം പിഴച്ചുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ വിമർശിച്ചിരുന്നു. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിക്കേണ്ടതായിരുന്നു.അങ്ങനെയെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ജയിക്കുമായിരുന്നുവെന്നും ആ സത്യം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.വി.അന്‍വര്‍ 7487 വോട്ടുകള്‍ക്ക് മുന്‍മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.എ. മുഹമ്മദ് റിയാസിനോട് പരാജയപ്പെടുകയായിരുന്നു.

